GHSS KADUNGAPURAM

Reloding
News...     Contact   NMMS class    Training  

പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളായ കടുങ്ങപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ആരംഭം 1905ൽ കട്ടിലശ്ശേരി ഭാഗത്ത് പ്രവർത്തിച്ചിരുന്ന ഒരു ഓത്തുപള്ളിയിലാണ്. രായിൻ കുട്ടി മൊല്ല എന്നയാൾ നടത്തിയിരുന്ന ഈ ഓത്തുപള്ളി പിന്നീട് സ്കൂൾ ആയി അംഗീകരിച്ചു. പിന്നീട് ഈ സ്ഥാപനം 1921 ൽ ബംഗ്ലാവിൽ കുട്ടൻ മേനോൻ എന്ന എം.പി സുബ്രമണ്യമേനോന്റെ കെട്ടിടത്തിലേക്ക് മാറ്റി. ഈ കെട്ടിടത്തിന് അന്ന് മലബാർ ഡിസ്ട്രിക് ബോഡിൽനിന്നും വാടക നൽകിയിരുന്നു. ഡിസ്ട്രിക്സ് ബോഡിന്റെ കീഴിലാണ് ഈ ലോവർ പ്രൈമറി സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1956 ലാണ് ഇത് അപ്പർ പ്രൈമറി സ്കൂളായി ഉയർന്നത്. അന്നത്തെ ഹെഡ്മാസ്റ്റർ എം.പി സുബ്രമണ്യമേനോൻ ആയിരുന്നു. 1973 ലാണ് ഈ സ്കൂളിന് ഹൈസ്കൂളായി അംഗീകാരം കിട്ടിയത്. ഇൻചാർജ് ഹെഡ്മാസ്റ്ററായി മത്തായി മാസ്റ്റർ എന്നയാളാണ് വന്നത്. ഇക്കാലയളവിൽ ഹൈസ്കൂളിനാവശ്യമായ സ്ഥല സൗകര്യമില്ലാത്തതിനാൽ അടുത്തുള്ള മദ്രസയിലാണ് ക്ലാസുകൾ നടത്തിയിരുന്നത് .... ആദ്യ എസ്.എസ്എൽ.സി ബാച്ച് പുറത്തിറങ്ങിയത് 1976ൽ ആയിരുന്നു. അക്കാലത്ത് ഹൈസ്കുളിന് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കണമെങ്കിൽ ചുരുങ്ങിയത് 3 ഏക്കർ സ്ഥലം വേണ്ടിയിരുന്നു. 2 ഏക്കർ 63 സെന്റ് വിസ്തീർണ്ണമുള്ള സ്കൂൾ കോമ്പൗണ്ട് പ്രതിഫലം വാങ്ങി ബംഗ്ലാവിൽ കുടൂബം സർക്കാറിന് വിട്ടുകൊടുത്തു. ബാക്കി വേണ്ട 48 സെന്റ് സ്ഥലം പി.ടി.എ വില കൊടുത്തുവാങ്ങി സർക്കാറിനെ ഏൽപ്പിച്ചു. ഹൈസ്കൂൾ ആരംഭിച്ച കാലത്ത് പി.ടി.എ ആദ്യമായി 8 ക്ലാസ് മുറികൾ സ്വന്തമായി നിർമ്മിച്ചുകൊടുത്തു. അക്കാലത്ത് സ്കൂൾ പി.ടി.എ പ്രസിഡന്റ് പറോട്ടിൽ രാവുണ്ണിക്കുട്ടിപ്പണിക്കർ ആയിരുന്നു. യു.പി സ്കൂളിന് സർക്കാർ നൽകിയ 12 ക്ലാസ് മുറികൾക്കു പുറമേ ഡി.പി.ഇ.പി വകയും ബ്ലോക്ക് പഞ്ചായത്ത് വകയുമായി 6 മുറികൾ പിന്നീട് ഉണ്ടാക്കി. എം.പി ഫണ്ട് , ജില്ലാപഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ച് 17 ക്ലാസ് മുറികളും , ഗ്രൗണ്ട് , സ്റ്റേജ് , ഗ്യാലറി എന്നിവയും നിർമ്മിച്ചു. എസ്.എസ്.എ ഫണ്ടുപയോഗിച്ച് 6 ക്ലാസ് മുറികളും പൂർവ്വ വിദ്യാർത്ഥികളുടെ വകയായി ഒരു ക്ലാസ് മുറിയും ഈ വിദ്യാലയത്തിന് ലഭിച്ചു. ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2003ൽ ഷിഫ്റ്റ് അവസാനിപ്പിച്ചു. 2004 ൽ സ്‍ക‍ൂൾ ഹയർ സെക്കന്ററിയായി ഉയർന്നു. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായിര‌ുന്നകര‌ുവള്ളി മുഹമ്മദ് മൗലവിയായിരുന്നു ഈ കാലഘട്ടത്തിലെ പിടിഎ പ്രസിഡന്റ്. 2006 ൽ ആദ്യത്തെ ഹയർ സെക്കണ്ടറി ബാച്ച് പഠനം പൂർത്തീകരിച്ചു പുറത്തിറങ്ങി. ഹൈസ്കൂൾ കെട്ടിടത്തിലും പ്ലോട്ട് രണ്ടിലെ ക്ലാസ് മുറികളിലുമായി പ്രവർത്തിച്ചിരുന്ന ഹയർ സെക്കണ്ടറി വിഭാഗം പ്ലോട്ട് രണ്ടിൽ എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൽ 2016 മുതൽ പ്രവർത്തിച്ച് വര‌ുന്നു. നൂറോളം കുട്ടികൾക്ക് ‌ഒരുമിച്ചുപയോഗിക്കാവുന്ന 10000ൽ അധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഈ കെട്ടിടം കുട്ടൻ മേനോൻ , ചിന്നമ്മ എന്നിവരുടെ സ്മരണക്കായി സംഭാവന ചെയ്തത് ബംഗ്ലാവിൽ കുടുംബം തന്നെയാണ്. ബംഗ്ലാവിൽ കുട്ടൻ മേനോന്റെ പാവന സ്മരണക്കായി ശ്രീ.കെ.എസ് കരുണാകരമേനോൻ സംഭാവന ചെയ്തതാണ് സ്കൂളിലേക്കുള്ള മനോഹരമായ പ്രവേശന കവാടം. ഇപ്പോൾ ലോവർ പ്രൈമറിയിൽ 11ഉം അപ്പർ പ്രൈമറിയിൽ 23 ഉം ഹൈസ്കൂളിൽ 35 ഉം ഹയർസെക്കന്ററിയിൽ 21 അദ്ധ്യാപകരും 7 അധ്യാപകേതര ജീവനക്കാര‍ും ജോലി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 2292 കുട്ടികൾ പഠിക്കുന്നുണ്ട്. കലാകായിക പഠന രംഗങ്ങളിൽ ഏറെ മികവുപുലർത്തുന്ന ഈ സർക്കാർ വിദ്യാലയം എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി വിജയ ശതമാനത്തിൽ ഉപജില്ലയിൽ മികച്ച നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. ഉപജില്ലാ സ്കൂൾ കലോത്സവത്തിലും ശാസ്ത്രമേളയിലും കായിക മേളയിലും തുടർച്ചയായി ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കിയ ഈ വിദ്യാലയം അന്തർദേശീയ ദേശീയ കായിക മത്സരങ്ങളിലും നിറസാന്നിധ്യമാണ് . 2014 മുതൽ പത്താം തരം തുല്ല്യതാ പരീക്ഷാകേന്ദ്രമായും ഈ വിദ്യാലയം പ്രവർത്തിച്ച് വരുന്നു. ടിപ്പുസുൽത്താന്റെ പടയോട്ട ചരിത്രത്തിലെ കുതിരക്കുളമ്പടികൾ പതിഞ്ഞ് കിടക്കുന്ന സ്വപ്‌നസദൃശമായ പാലൂർകോട്ട, സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഈ നാടിന് സ്വന്തം ഇടം ചാർത്തി തന്ന കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരുടെയും എം പി നാരായണ മേനോന്റെയും ഐ.എൻ.എ. രക്തസാക്ഷി നാണുമേനോന്റെയും കർമ്മശേഷിപ്പുകൾ ..... എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങളാൽ അനുഗ്രഹീതമായ കടുങ്ങപുരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അനുദിനം മികവിലേക്ക് കുതിക്കുന്ന ഈ കലാലയം 100 വർഷങ്ങൾ പിന്നിടുവാനാകുമ്പോഴും ഭൗതിക സാഹചര്യങ്ങളുടെയും പഠനോപകരണങ്ങളുടെയും അപര്യാപ‌്തതയിൽ വീർപ്പുമുട്ടുകയാണ്. ഇത്തരം പ്രശ്നങ്ങൾക്കൂടി പരിഹരിക്കപ്പെടുന്നതോടെ സംസ്ഥാനത്തിനു തന്നെ മാതൃകയായിത്തീര‌ും ഈ സർക്കാർ സ്ഥാപനം എന്നതിൽ തർക്കമില്ല.  


Kadungapuram GHSS
Subscribe Our YouTube Channel
Subscribe